മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശസന്ദർശനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചു. യു എസ്, ക്യൂബ യാത്രകൾക്ക് ആണ് അനുമതി നൽകിയിരിക്കുന്നത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക.
ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും.
നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കി അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയിരുന്നു.