സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച കരുതൽമേഖല, സിൽവർ ലൈൻ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിൽവർലൈൻ പദ്ധതിക്ക് അനുമതിതേടി നേരത്തേ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി ബുധനാഴ്ചവരെ ഡൽഹിയിലുണ്ടാകും