‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മ്മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്രത്തിന്റെ നിർണായക നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം, സമിതിയിലെ മറ്റു അംഗങ്ങളെക്കുറിച്ച് പുറത്ത് വന്നിട്ടില്ല. എന്നാൽ സമിതിയിൽ വിരമിച്ച ജഡ്ജിമാരുണ്ടെന്നാണ് വിവരം. വിഷയം പഠിച്ചതിന് ശേഷം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് സമിതി നേരത്തെ പരിശോധിച്ചിരുന്നു.