ഭൂമി കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ കേസെടുക്കില്ല. രാജേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധി വന്നതിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാവുക.
മൂന്നാർ ഇക്കാനഗറിൽ എസ് രാജേന്ദ്രന്റെയും ഭാര്യ ലത രാജേന്ദ്രന്റെയും പേരിലുള്ള ഒമ്പത് സെന്റ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സർവേ നമ്പറിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
ഇപ്പോള്‍ താമസിക്കുന്ന വീടല്ലാതെ മറ്റൊരു വീടില്ലെന്ന് എസ് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത കുറവുണ്ടെന്ന് തഹസില്‍ദാറും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു