ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരം സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മരട് പോലീസ് കേസെടുത്തു. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു. ഇതുവരെ മലയാള സിനിമയിലെ ഒട്ടേറെ താരങ്ങൾക്കും പിന്നണി പ്രവർത്തകർക്കുമെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിൽ തുടങ്ങിയ ആരോപണം പിന്നീട് ഒട്ടേറെ പ്രമുഖരിലേയ്ക്കാണ് നീണ്ടത്. പിന്നീട് നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരേയും പരാതികൾ നീണ്ടു. ഇതിൽ മുകേഷ് അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.