എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ തകർന്നുവീണു. റോഡിലൂടെ ഒരു വാഹനം കടന്നുപോയതിന് പിന്നാലെ നിറയെ വെള്ളം ഉണ്ടായിരുന്ന കനാൽ പതിനഞ്ച് അടി താഴ്ച്ചയിലേക്ക് തകർന്ന് വീഴുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രോജക്ടിന്റെ ഭാഗമായുള്ള കനാലാണ് തകർന്നു വീണത്.
കനാൽ തകർന്ന് ഇരച്ചെത്തിയ വെള്ളം സമീപത്തെ വീടിന്റെ മുറ്റത്തേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവ സ്ഥലത്ത് തടസ്സപ്പെട്ട ഗതാഗതം മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് പുന:സ്ഥാപിക്കാൻ ആയത്. കനാലിന്റെ നിർമ്മാണത്തിൽ വന്ന അശാസ്ത്രീയത ഉൾപ്പെടെയുള്ള പിഴവുകളാണ് കനാൽ തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഈ കനാൽ തകർന്നിട്ടുണ്ട്. അപകടം നടന്ന സമയത്ത് സമീപത്ത് ആരുമില്ലാതിരുന്നത് കൊണ്ട് ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.