ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരണമടഞ്ഞു. ഇന്ന് പുലർച്ചെ ഒന്നരയോടെ കക്കാഴം മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മൺട്രോത്തുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവരിൽ നാലുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
ചരക്കുമായി തിരുവനന്തപുരത്തേക്ക് പോയ ലോറിയും ആലപ്പുഴയിലേക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയവരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കാർ അമിത വേഗതയിലായിരുന്നു എന്നു പോലീസ് അറിയിച്ചു. അതേസമയം ലോറിയിൽ ഉണ്ടായിരുന്നവർക്ക് പരുക്കുകൾ ഒന്നുമില്ല. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കാർ വെട്ടി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.
അപകടത്തിൽ മരണമടഞ്ഞവർ ഐഎസ്ആർഒ ക്യാന്റീനിലെ താൽക്കാലിക ജീവനക്കാരാണ്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മേൽപ്പാലത്തിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ പതിവാണെന്ന് സമീപവാസികൾ പറഞ്ഞു.