കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗം ആണ് തകർന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന തുടരുകയാണ്. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തി എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ മൂന്നുപേർക്കു പരിക്ക് പറ്റി എന്നാണ് വിവരം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
അതേസമയം, ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നു വീണതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.