യുകെയിലെ കെറ്ററിംഗിൽ താമസസ്ഥലത്ത് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സിന്റെ മരണം കൊലപാതകെന്ന് സ്ഥിരീകരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അഞ്ജുവാണ് കൊല്ലപ്പെട്ടത്. അഞ്ജുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി സാജു(52)വിനെ പോലീസ് അറസ്റ്റ്ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോട്ടയം വൈക്കം സ്വദേശിനി അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
കഴിഞ്ഞ ഒക്ടോബറിലാണ് അഞ്ജുവും ഭർത്താവായ സാജുവും യുകെയിലേക്ക് പോയത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നപ്പോൾ സംശയം തോന്നി സുഹൃത്തുക്കൾ അഞ്ജുവിന്റെ താമസ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് വീട് പൂട്ടിയ നിലയിൽ കാണപ്പെടുകയും പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി തുറക്കുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെത്തുടർന്നു ഒളിവിൽ പോയ ഭർത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്ന് കൊണ്ടുപോകും.റിപ്പോർട്ട് വന്നശേഷം മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. മക്കളായ ജീവ(6), ജാൻവി (4)എന്നിവരാണ് മരിച്ചത്. സാജുവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.