മലപ്പുറം താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അതേസമയം താനൂരിൽ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തെരച്ചിൽ തുടരാൻ തീരുമാനിച്ചു. അപകടസ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. നടപടി ക്രമം പൂർത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തെരച്ചിൽ തുടരുന്നത്. അപകടത്തിൽ മരിച്ച 22 പേരിൽ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. കാണാതായ എട്ടുവയസ്സുകാരൻ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ നിലവിൽ ആരെയും കാണാതായതായി അറിവില്ല.