കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിൻ്റെതിന് സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ട് പോകുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
നയപരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.