പ്രശസ്തമായ ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനനഗരി. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം പ്രാർഥിച്ച് ഭക്തലക്ഷങ്ങൾ ആണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ദേവീസ്തുതിയുമായി ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ആറ്റുകാൽ ഭഗവതിക്ഷേത്രം ഭക്തിസാന്ദ്രമാണ്. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലക്ക് ഒരുങ്ങി. ക്ഷേത്രവും തലസ്ഥാനനഗരവും പൊങ്കാലയെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്.
നാളെ രാവിലെ 4.30ന് പള്ളിയുണർത്തൽ, 5.00 മണിക്ക് നിർമാല്യദർശനം, 5.30ന് അഭിഷേകം, 6.05ന് ദീപാരാധന, 6.40 ഉഷപൂജ, 8.30ന് പന്തീരടിപൂജ, ദീപാരാധന, 10 മണിക്ക് ശുദ്ധ പുണ്യാഹം,10.30ന് അടുപ്പുവെട്ട്, പൊങ്കാല, ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജ, പൊങ്കാല നിവേദ്യം, 3 മണിക്ക് ഉഷശ്രീബലി, ഉച്ചശ്രീബലി, വൈകുന്നേരം 6.45ന് ദീപാരാധന, 7.30ന് കുത്തിയോട്ടം, ചൂരൽകുത്ത്, 10.00 പുറത്തെഴുന്നള്ളിപ്പ് എന്നിങ്ങനെയാണ് ക്ഷേത്രച്ചടങ്ങുകൾ.
നാളെ രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനുശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്ക് നൽകും. 10.30-ന് മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും. ഇതിനു പിന്നാലെ നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും.
രാത്രി 11-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിനു സായുധ പോലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. തിങ്കളാഴ്ച രാവിലെ എട്ടിന് അകത്തേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതി തർപ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും.