ദില്ലി: പഹൽഗാം ഭീകരവാദ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗ അതിർത്തി 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉണക്കപ്പഴങ്ങളുമായി എത്തിയ എട്ട് ട്രക്കുകളാണ് ആദ്യമായി അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് ഇത് സാധ്യമായത്. ഇസ്ലമാബാദിലെ അഫ്ഗാൻ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രെക്കുകൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്.
ഇന്ത്യാ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏകദേശം 150 ഓളം ചരക്ക് ലോറികൾ ലാഹോറിനും വാഗയ്ക്കും ഇടയിൽ കുടുങ്ങിയിരുന്നു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അഫ്ഗാൻ ചരക്ക് വാഹനങ്ങൾക്ക് മാത്രമായി അതിർത്തി തുറക്കാൻ അനുമതി നൽകുകയായിരുന്നു. ഈ ട്രക്കുകൾ ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന് മാത്രമാണ് നിലവിൽ അനുമതിയുള്ളതെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയ എട്ട് ട്രക്കുകൾ മാത്രമാണ് അതിർത്തി കടന്നതെന്നും അധികൃതർ അറിയിച്ചു. ഇൻഡോ ഫോറിൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി കെ ബജാജ് ഈ വിവരം സ്ഥിരീകരിച്ചു. ഈ തീരുമാനം ആശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സർക്കാരുകൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിയത്.