കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിനുനേരെ ആക്രമണം ഉണ്ടായി. വീടിന്റെ മുൻവശത്തുള്ള ജനലുകൾ കല്ലുകൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്. വീടിന് പിന്നിലെ പടിയിൽ രക്തക്കറയും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ അറിയിച്ചത്.
മെഡിക്കൽ കോളേജ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. മന്ത്രി തിരുവനന്തപുരത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്രമന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.