ക്യാബിൻ ക്രൂ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് 74 വിമാനങ്ങൾ കൂടി റദ്ദാക്കി. അതേസമയം നിലവിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ 20 റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് അറിയിച്ചു. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം ക്യാബിൻ ക്രൂ അംഗങ്ങൾ മെഡിക്കൽ ലീവ് എടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൊവ്വാഴ്ച രാത്രി മുതൽ 90 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു
ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, യാത്രക്കാർക്ക് ഫുൾ റീഫണ്ട് അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് യാതൊരു ഫീസും കൂടാതെ റീഷെഡ്യൂൾ ചെയ്യാമെന്ന് കമ്പനി പറഞ്ഞു. എയർലൈനിന്റെ ഷെഡ്യൂൾ ചെയ്ത പ്രതിദിന ഫ്ലൈറ്റുകളുടെ 20 ശതമാനം ഫ്ലൈറ്റുകളും ഇന്ന് സർവീസ് നടത്തില്ല.
കഴിഞ്ഞ ചൊവ്വാഴ്ച, എയർലൈനിന്റെ പല വിമാനങ്ങളും പറന്നുയരാൻ കുറച്ച് സമയം മാത്രം അവശേഷിക്കെ റദ്ദാക്കിയിരുന്നു. അവസാന നിമിഷം ക്യാബിൻ ക്രൂ അംഗങ്ങൾ രോഗിയാണെന്ന് റിപ്പോർട്ട് ചെയ്യുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതാണ് കാരണം. മെയ് 13 വരെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ നൂറിലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കി. ഇത് 15,000 യാത്രക്കാരെ ബാധിച്ചു. “മുഴുവൻ നെറ്റ്‌വർക്കിനെയും ബാധിച്ചു, ഇത് അടുത്ത കുറച്ച് ദിവസങ്ങളിൽ ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാൻ ഞങ്ങളെ നിർബന്ധിതരാക്കിയെന്നും എയർലൈൻ സിഇഒ അലോക് സിംഗ് കൂട്ടിച്ചേർത്തു.