മഹാരാഷ്ട്രയിലെ ജൽഗാവിൽ തീപിടുത്തം ഭയന്ന് പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ചാടിയ 12 യാത്രക്കാർ കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ച് മരിച്ചു. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഉടൻതന്നെ എതിർദിശയിൽ നിന്ന് വരികയായിരുന്ന കർണാടക എക്സ്പ്രസ് അവരെ ഇടിച്ചു.
എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം പുഷ്പക് എക്സ്പ്രസിൽ തീപിടുത്തം ഉണ്ടായതായുള്ള വിവരം വ്യാജമാണെന്നും അഭ്യൂഹങ്ങൾ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.