ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. ഈ ആഴ്‌ചയിലും ജൂലൈയിലുമായി ഉണ്ടായ കനത്ത മഴയിൽ 10,000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. മൺസൂണിലെ കനത്ത മഴയിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ സംസ്ഥാനത്തിന് ഒരു വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഷിംലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി പുറത്തെടുത്തതോടെ ചമ്പ ജില്ലയിൽ രണ്ട് പേർ കൂടി മരിച്ചതായി വ്യാഴാഴ്‌ച അധികൃതർ അറിയിച്ചിരുന്നു. ഇതിൽ 21 മരണങ്ങൾ ഷിംലയിൽ ഉണ്ടായ മൂന്ന് പ്രധാന മണ്ണിടിച്ചിലിലാണ് നടന്നത്. ഇതോടെ ആകെ മരണസംഖ്യ 74 ആയി ഉയർന്നു. സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിലും, ഫാഗ്ലിയിലും കൃഷ്‌ണനഗറിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിൽ എട്ട് പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഷിംലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജൂൺ 24 മുതൽ ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ ആകെ 217 പേർ മരിച്ചു.
ഉത്തരാഖണ്ഡിലെ ഋഷികേശിൽ പ്രശസ്‌തമായ രാംജൂല തൂക്കുപാലം വ്യാഴാഴ്‌ച ഇരുചക്രവാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ അടച്ചിട്ടിരിക്കുകയാണ്, ഉത്തരാഖണ്ഡിൽ ഈയിടെ പെയ്‌ത കനത്ത മഴയെത്തുടർന്ന് ഗംഗയുടെ അടിയൊഴുക്കുകളുടെ ഭാഗമായുണ്ടാവുന്ന മണ്ണൊലിപ്പ് വലിയ വെല്ലുവിളിയാവുകയാണ്. രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി, പൗരി എന്നീ മലയോര ജില്ലകൾ ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഓഗസ്‌റ്റ് 14ന് പെയ്‌ത കനത്ത മഴയെ തുടർന്ന് ഗംഗയുടെ ജലനിരപ്പ് ഋഷികേശിലും ഹരിദ്വാറിലും അപകടനില മറികടന്നു.