വാട്സാപ്പിലൂടെ പ്രചരിക്കുന്ന പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( IRCTC) മുന്നറിയിപ്പ് നൽകി. ‘irctcconnect.apk’ എന്ന സംശയാസ്പദമായ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യരുതെന്നാണ് അറിയിച്ചിരിക്കുന്നത്. .
ഈ apk ഫയൽ സ്മാർട് ഫോണുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഫോണിന്റെ നിയന്ത്രണം ഹാക്ക് ചെയ്തേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ബാങ്കിങ്, യുപിഐ വിവരങ്ങളെല്ലാം ചോർത്താനും സാധ്യതയുണ്ട്.
ഐആർടിസിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ആപ്പുകള്‍ പ്രചരിപ്പിച്ച് വൻ തട്ടിപ്പാണ് ചിലർ ആസൂത്രണം ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും പറയുന്നു. ഇരകളുടെ ഫോണിലെ യുപിഐ, മറ്റ് പ്രധാനപ്പെട്ട ബാങ്കിങ് വിവരങ്ങൾ പോലുള്ള രഹസ്യ വിവരങ്ങൾ ചോർത്താൻ തന്നെയാണ് ഇതിലൂടെ ശ്രമിക്കുന്നത്. സമാനമായ, സംശയാസ്പദമായ മറ്റു ആപ്ലിക്കേഷനുകൾക്കെതിരെ ജാഗ്രത പാലിക്കാനും ഐആർസിടിസി നിർദ്ദേശിക്കുന്നുണ്ട്.