ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ വിളിച്ചോദിയ ചടങ്ങില്‍ ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരവധി പരിപാടികളുമുണ്ടായിരുന്നു.
പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ്‌കൂക്കിന്റെ വിസ്മയ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണം. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണത്തിന് അൽ ബൈത്ത് സ്റ്റേഡിയം സാക്ഷിയായി.
കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു.ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീർത്ത റിക്കി മാർട്ടിന്റെ ‘ഗോൾ ഗോൾ ഗോൾ…അലെ അലെ അലെ’യും ഷക്കീറയുടെ ‘വക്കാ വക്കാ’യുമെല്ലാം സ്റ്റേഡിയത്തിൽ മുഴങ്ങി.