ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.
നേരത്തെ മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സ് വമ്പൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചുകൂട്ടിയത്. ടോസ് നഷ്‌ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കി. ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യം കൂടി മുതലെടുത്ത അവർ ചെന്നൈയ്ക്ക് മുൻപിൽ ഉയർത്തിയത് റെക്കോർഡ് സ്‌കോറായിരുന്നു. ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറെന്ന സൺറൈസേഴ്‌സ് ഹൈദർബാദിന്റെ റെക്കോർഡാണ് ഗുജറാത്ത് ടൈറ്റൻസ് തകർത്തത്.