ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമത്സരങ്ങളില്‍ പാകിസ്താനെയും ഹോളണ്ടിനെയും തോല്‍പ്പിച്ച് ഉജ്ജ്വലഫോമിലുള്ള ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. കഴിഞ്ഞമത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത ദക്ഷിണാഫ്രിക്കയും നല്ല ഫോമിലാണ്. അതിനാൽ മത്സരം ശക്തമാവുമെന്ന് ഉറപ്പ്. ഇന്ത്യന്‍സമയം വൈകിട്ട് നാലരയ്ക്ക് പെർത്തിലാണ് മത്സരം.
ദക്ഷിണാഫ്രിക്കയെ തോൽപിച്ചാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും സെമിഫൈനൽ ഏറെക്കുറെ ഉറപ്പാക്കാം.
രണ്ട് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശും സിംബാബ്‍വേയുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മറ്റ് എതിരാളികൾ. സിംബാബ്വേക്കെതിരേ ഉറപ്പായും ജയിക്കുമായിരുന്ന മത്സരം മഴയെടുത്തില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കൊപ്പം തുല്യ പോയന്റാകുമായിരുന്നു. പെര്‍ത്തില്‍ പുതിയതായി നിര്‍മിച്ച ഓപ്ടസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക . പെര്‍ത്തിലെ വാക്ക ഗ്രൗണ്ടിലാണ് പരമ്പരാഗതമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിരുന്നത്. വാക്കയിലേതുപോലെത്തന്നെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഓപ്ടസിലേത്. തുടക്കത്തില്‍ പിടിച്ചുനിന്ന് പിന്നീട് തകര്‍ത്തടിക്കുന്ന കോലിയുടെ ശൈലിയാകും പെര്‍ത്തില്‍ ഫലപ്രദം എന്നാണ് വിലയിരുത്തൽ. കാഗിസോ റബാഡയും ആന്റിച്ച് നോര്‍ക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും.
ഇന്ത്യ- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.
ദക്ഷിണാഫ്രിക്ക- തെംബാ ബാവുമ(ക്യാപ്റ്റന്‍), ക്വിന്‍ണ്‍ ഡികോക്ക് റൈലി റൂസ്സോ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വെയ്‌ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്‍റിച്ച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി