സൗദി അറേബ്യയിൽ റിയാദിലെ അൽ നസ്ർ ക്ലബ്ബുമായി രണ്ടര വർഷത്തെ കരാറൊപ്പിട്ട പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിൽ എത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി 11ന് റിയാദിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സൗദി കായിക മന്ത്രാലയം, അൽ നസ്ർ ക്ലബ് അധികൃതർ എന്നിവർ ചേർന്ന് സ്വീകരിച്ചു. റൊണാൾഡോക്കൊപ്പം അദ്ദേഹത്തിന്‍റെ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തിയിട്ടുണ്ട്. സ്ഥിരതാമസം തയാറാവുന്നത് വരെ റൊണാൾഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്.
ഇന്ന് വൈകുന്നേരം റിയാദിലെ മർസൂല്‍ പാർക്കിൽ റൊണാൾഡോക്ക് വൻസ്വീകരണം ഒരുക്കും. .സ്വീകരണ പരിപാടിയിൽ ആരാധകർക്കു മുന്നിൽ അല്‍ നസ്‌റിന്‍റെ മഞ്ഞ ജഴ്‌സിയിൽ അവതരിപ്പിക്കും. ഏകദേശം 1,950 കോടി രൂപയാണ് റൊളാണ്‍ഡോക്ക് ക്ലബ് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെയെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്