യുക്രെയ്ൻ യുദ്ധത്തിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ.യുക്രെയ്ൻ യുദ്ധം അതീവ ആശങ്കാജനകമാണ്. ഇന്ത്യ തുടക്കം മുതൽ സമാധാനത്തിന്റെ ഭാഗത്താണ്. ഇരു രാജ്യങ്ങളും ഭിന്നതകൾ മറന്ന് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. വിയന്നയിൽ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജയശങ്കറിന്റെ പരാമർശം. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിന്റെ ഭാഗമായാണ് ജയശങ്കർ സൈപ്രസിൽ നിന്ന് വിയന്നയിലെത്തിയത്.
ലോകത്തിന്റെ വലിയൊരു ഭാഗം സമാധാനം ആഗ്രഹിക്കുന്നു, അക്രമത്തിലൂടെ ഭിന്നതകൾ പരിഹരിക്കാനാവില്ല, അതുകൊണ്ട് റഷ്യയും യുക്രൈനും സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണം. പ്രസിഡന്റ് പുടിനുമായും സെലൻസ്‌കിയുമായും ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു എന്നും വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.