മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായി മാറിയിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു. വർഷങ്ങൾ ഇത്രയേറെ കടന്നിട്ടും ആ നിഷ്കളങ്ക കലാകാരനെ മറക്കാൻ മലയാളികൾക്കാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ലാളത്യവും തന്മയത്വവുമാർന്ന തന്റേതായ അഭിനയശൈലി കൊണ്ട് അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി എന്നത് തന്നെയാണ് അതിന്റെ കാരണവും.
1972 ൽ അഴിമുഖം എന്ന സിനിമയിലൂടെയാണ് കൊച്ചിൻ ഹനീഫ അഭിനയ ലോകത്തേയ്ക്ക് കാലെടുത്തു വെച്ചത്. വില്ലൻ വേഷങ്ങളായിരുന്നു ആദ്യകാലത്ത് ഹനീഫയെ തേടിയെത്തിയിരുന്നതെല്ലാം. ശേഷം ഹാസ്യ വേഷങ്ങളിലൂടെ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറി. തന്റെ ഇടം ഹാസ്യമാണെന്ന് തിരിച്ചറിഞ്ഞ് ഹനീഫ പിന്നീട് അതിൽ ചുവടുറപ്പിക്കുകയായിരുന്നു. തിരക്കഥ സംവിധാനം എന്നിവയും അദ്ദേഹം നിർവഹിച്ചു. ഹാസ്യാഭിനേതാവിൽ നിന്നും തികച്ചും വ്യത്യസ്തനായാണ് തിരക്കഥ എഴുത്തിലും സംവിധാനത്തിലും ഹനീഫ തന്റെ കഴിവ് തെളിയിച്ചത്.അവയിൽ പ്രധാനപ്പെട്ടതും ഇന്നും പ്രേക്ഷക മനസിൽ തങ്ങിനിൽക്കുന്നതുമായ ചില ചിത്രങ്ങളാണ് ആൺ കിളിയുടെ താരാട്ട്,
വാത്സല്യം തുടങ്ങിയവ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ സിനിമ മേഖലകളിലായി ഏകദേശം 300 ഓളം സിനിമകളിൽ കൊച്ചിൻ ഹനീഫ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ഹാസ്യത്തിന്റെ വഴിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തത്.
കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മുഹമ്മദിന്റെയും ഹാജറയുടെയും മകനായിരുന്നു കൊച്ചിൻ ഹനീഫ. വിദ്യാഭ്യാസ കാലത്ത് മോണോ ആക്റ്റിലൂടെ കലാരംഗത്തേക്ക് പ്രവേശനം കുറിച്ച ഖനീഫ വില്ലനായി സിനിമയിൽ രംഗപ്രവേശം നടത്തി. അവിടുന്ന് ഇങ്ങോട്ട് പല വേഷങ്ങളിൽ പല ഭാവങ്ങളിൽ ഹാസ്യ നടനായും സ്വഭാവനടനായും സഹനടനായും ഗൗരവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചും തന്റെ അഭിനയ ജീവിതം കെട്ടിപ്പടുത്തുയർത്തിയ കൊച്ചിൻ ഹനീഫ 2001ൽ മികച്ച സഹ നടനുള്ള അവാർഡും കരസ്ഥമാക്കി. 2010 ഫെബ്രുവരി രണ്ടിനാണ് പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭ കാലത്തിന്റെ തിരശീലയ്ക്കുള്ളിൽ എങ്ങോ മറഞ്ഞു പോയത്. കരൾ സംബന്ധമായ രോഗത്തിന്റെ രൂപത്തിൽ വന്ന് മരണം അദ്ദേഹത്തെ കാലയവനികയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആ വലിയ കലാ പ്രതിഭയ്ക്ക് മുന്നിൽ നമുക്കും അർപ്പിക്കാം ഒരു പിടി ഓർമ്മ പൂക്കൾ