കോതമംഗലം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം. കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായ് കോൺഗ്രസിന്റെ പ്രതിഷേധം. ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം അന്തിമ നടപടികൾ പൂർത്തിയാകും മുൻപ് മൃതദേഹം പ്രതിഷേധക്കാർ കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്.
വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവശ്യം. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. മാർച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേർക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് വനംമന്ത്രി നിർദ്ദേശം നൽകി.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു.വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.