കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീടിനോട് ചേര്‍ന്നുള്ള തൻ്റെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങിയത് നോക്കാന്‍ പിതാവിനൊപ്പം പോയതാണ് വിജയന്‍. കൂട്ടത്തോടെ വന്ന ആനകളില്‍ ഒന്നാണ് വിജയനെ ആക്രമിച്ചത്. പിതാവ് ഓടിമാറി രക്ഷപ്പെട്ടെങ്കിലും താഴെ വീണ വിജയനെ ആന ആക്രമിച്ചു. സമീപവാസികള്‍ പടക്കമെറിഞ്ഞതോടെ ആനകള്‍ തിരിച്ചുപോയി.