തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് ആരെന്ന് തിങ്കളാഴ്ച അറിയാം. കേരള ഘടകം സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. ഞായറാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവിൽനിന്ന് പത്രിക സ്വീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ ഒരാളിൽനിന്ന് മാത്രം പത്രിക സ്വീകരിക്കാനാണ് സാധ്യത. ഞായറാഴ്ച രാവിലെ കോർകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നത് പൂർണമായും കേന്ദ്രഘടകമാണ്.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരുമോ അതോ മറ്റാരെങ്കിലും നേതൃപദവിയിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രൻ പ്രസിഡന്റായത്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർന്നതും സുരേന്ദ്രന് അനുകൂലമാകുമെന്ന് ഒരു വിഭാഗം കരുതുന്നു.
ആദ്യ ടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോൾ ജനറൽ സെക്രട്ടറിയായ എം.ടി. രമേശിന് സാധ്യതയുണ്ടെന്നാണ് ഒരുകൂട്ടർ വാദിക്കുന്നത്. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത മതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാൽ നറുക്കു വീഴുക ഇപ്പോൾ വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രനായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരനും സാധ്യതാപട്ടികയിലുണ്ട്.