വന്ദേ ഭാരത് എക്സ്പ്രസ് ട്രയൽ റൺ നടത്തവേ കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിന് സസ്പെൻഷൻ നൽകി. എന്നാല്‍ തൊട്ടുപിന്നാലെ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ, പിറവത്തെത്തിയ വേണാട് എക്‌സ്പ്രസ് കടന്നുപോകാനുള്ള സിഗ്‌നലാണ് തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാര്‍ ആദ്യം നല്‍കിയത്. ഇതേത്തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പിറവത്ത് രണ്ടു മിനുട്ട് നിര്‍ത്തിയിടേണ്ടി വന്നു. തുടര്‍ന്നാണ് ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു.