അഞ്ചൽ ഉത്ര വധകേസുമായി ബന്ധപ്പെട്ട് പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങി. സ്ത്രീധനപീഡനകേസിൽ ഒന്നാം സാക്ഷിയായ ഉത്രയുടെ സഹോദരനെ ഇന്നലെ വിസ്തരിച്ചു. രണ്ടാംസാക്ഷിയായ ഉത്തരയുടെ അച്ഛൻ വിജയസേനനെ അടുത്ത മാസം 11ന് കോടതി വിസ്തരിക്കും. 2020 ൽ അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പണത്തോടുള്ള ആർത്തി കാരണം മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി ഉത്രയെ ഭർത്താവായ സൂരജ് പാമ്പുകടിപ്പിച്ചു കൊന്നു എന്ന കേസിലാണ് വിസ്താരം നടക്കുന്നത്.
ബുധനാഴ്ച പന്ത്രണ്ടരയോടെ ആരംഭിച്ച വിസ്താരം വൈകിട്ട് അഞ്ചോടെ പൂർത്തിയായി. ഉത്രയുടെ മരണം സംബന്ധിച്ച് അഞ്ചൽ പോലീസ് സ്റ്റേഷനിൽ ആദ്യമായി മൊഴികൊടുത്തത് താനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നും സഹോദരൻ മൊഴികൊടുത്തു. വിവാഹത്തിനുശേഷം 8000 രൂപ പ്രതിമാസം നൽകിയിരുന്നുവെങ്കിലും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് ഉത്ര ഭർതൃവീട്ടിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും സഹോദരൻ മൊഴി നൽകി.ഒന്നാംപ്രതി ഉത്രയുടെ ഭർത്താവ് സൂരജ് എസ് കുമാർ, രണ്ടാംപ്രതി അച്ഛൻ സുരേന്ദ്ര പണിക്കർ, മൂന്നാം പ്രതി അമ്മ രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സൂരജിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നുമാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. സ്ത്രീധന പീഡനം, വിശ്വാസവഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങി കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. ഇതിനോടൊപ്പം പുതുതായി സ്ത്രീധന നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകൾ കൂടി ചേർത്താണ് ഇന്നലെ വിചാരണ ആരംഭിച്ചത്. വാദി ഭാഗത്തിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി. സിബ്ദാസും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ ടി. അനീസും ഹാജരായി. മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രനാണ് വാദം കേട്ടത്