കൊച്ചി: സർക്കാരിനെതിരായ ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെക്രട്ടേറിയേറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പ്രക്ഷോഭത്തിൽ സർക്കാർ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ പ്രതിപക്ഷം കൂടുതൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അരി വില കൂടുന്നു, അവശ്യസാധന വില കൂടുന്നു,പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണ്. ഡിവൈഎഫ്‌ഐ , എസ്എഫ് ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.
നവംബർ 3 മുതൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും. നവംബർ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് മഹിളാ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് നടക്കും. നവംബർ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. നവംബർ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. നവംബർ 14 ന് ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബർ 20 മുതൽ 30 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ഡിസംബർ രണ്ടാം വാരത്തിൽ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് വളയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.