ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് ശേഷം നല്ല മഴയും ശബരിമലയിൽ പെയ്തിരുന്നു. വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായതെന്ന് സന്നിധാനം എസ്‌ഐ അരുണ്‍ പറഞ്ഞു.
മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടര്‍ ആണ് അപകടമുണ്ടാക്കിയത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാക്ടറില്‍ അഞ്ചോളം പേരുണ്ടായിരുന്നതായി ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു മലയാളിയുമുണ്ട്. കൊല്ലം സ്വദേശി രാധാകൃഷ്ണനാണ് (69)പരിക്കേറ്റത്. ബാക്കിയുള്ളവര്‍ കര്‍ണാടക, തെലങ്കാന സ്വദേശികളാണെന്നും എസ്‌ഐ പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

