തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 82 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിട്ടും അത്യാവശ്യ സമയത്ത് ചികിത്സയ്ക്ക് പോലും വകയില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്കിന് നിക്ഷേപകൻ കത്തെഴുതി. തൃശ്ശൂർ മാപ്രാണം സ്വദേശി സിപിഎം പ്രവർത്തകനായ ജോഷി ആന്റണിയാണ് ബാങ്കിന് കത്ത് എഴുതിയത്. ചികിത്സാ ചിലവിനായി പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയ ജോഷിക്ക് ബാങ്കിൽ നിന്നും അനുകൂലമായ മറുപടി കിട്ടിയിട്ടില്ല ഇതിനെ തുടർന്നാണ് ജോഷി കത്ത് എഴുതിയത്.
ബാങ്കിൽ 82 ലക്ഷം രൂപയുടെ വലിയ നിക്ഷേപം നടത്തിയ ജോഷി ഇപ്പോൾ പക്ഷാഘാതത്തിന് ചികിത്സയിലാണ്. ഒരു ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ പണത്തിനായി ബാങ്കിനെ സമീപിച്ചപ്പോൾ 2 ലക്ഷം രൂപയേ നൽകാൻ കഴിയുള്ളൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അധ്വാനിച്ച് ഉണ്ടാക്കിയ സ്വന്തം പൈസ ബാങ്കിൽ നിക്ഷേപമായി ഇട്ടിട്ടും ഇപ്പോൾ ചികിത്സയ്ക്കായി പണം തികയാതെ വരുന്ന നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ബാങ്ക് മേലധികാരികൾക്ക് കത്ത് എഴുതിയിരിക്കുകയാണ് ജോഷി. ചികിത്സയ്ക്കായി 10 ലക്ഷം രൂപ അനുവദിക്കാം എന്ന ബാങ്ക് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു എന്നാൽ ഈ പൈസ കൊണ്ടും ചികിത്സ തികയാതെ വന്നതിനാൽ 20 ലക്ഷം രൂപ ജോഷി പലിശയ്ക്ക് എടുക്കുകയുണ്ടായി. ഇതിന്റെ പലിശയിനത്തിൽ തന്നെ ഒരു വലിയ തുക ജോഷിയുടെ കയ്യിൽ നിന്നും ഇപ്പോൾ ചെലവാകുന്നുണ്ട്. മരിച്ചാൽ അതിന്റെ പേരിൽ ആരും പാർട്ടി പതാക പുതപ്പിക്കാൻ വീട്ടിലേക്ക് വരണ്ട എന്നും ജോഷി കത്തിൽ പറഞ്ഞിട്ടുണ്ട്.