സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് പ്രിയങ്കരരായി മാറിയ ദമ്പതികൾ ആയിരുന്നു പ്രണവും ഷഹാനയും. രണ്ടിടങ്ങളിൽ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന പ്രണവിനെയും ഷഹാനയും വിധി കൂട്ടി യോജിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ പ്രണവ് ഷഹാനയെ വിട്ടുപോയ വാർത്തകളാണ് കേരളക്കരയെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്നത് .
തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) ഇന്ന് രാവിലെയോടെ അന്തരിച്ചു. രാവിലെ രക്തം ഛർദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങൾക്കു മുമ്പ് അപകടത്തിലൂടെ അരയ്ക്കു താഴേക്ക് തളർന്നു കിടന്ന പ്രണവിനെ സോഷ്യൽ മീഡിയ വഴി ഷഹാന പരിചയപ്പെടുകയും പ്രണയിച്ച് വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ കേരളക്കര മുഴുവൻ ആഘോഷിച്ച ഇവരുടെ വിവാഹം 2022 മാർച്ച് 4ന് ആയിരുന്നു.
പ്രണവിന്റെയും ഷഹാനയുടെയും പ്രണയം.
ആറു വർഷം മുൻപ് പ്രണവിന്റെ കോളേജ് വിദ്യാഭ്യാസ കാലത്താണ് കുതിരത്തടം പൂന്തോപ്പിൽ വച്ച് പ്രണവ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഒരു മതിലിൽ ഇടിച്ചു പ്രണവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് പ്രണവിന്റെ ശരീരം അരയ്ക്ക് താഴേയ്ക്ക് തളർന്ന് ജീവിതം വീൽ ചെയറിലേക്ക് വഴിമാറി. ശരീരം ഭാഗികമായ തളർന്ന പ്രണവ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുകയും സമാനാവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് പ്രചോദനം നൽകുകയും ചെയ്തു. വീൽ ചെയറിലായ ജീവിതത്തെ ഒരു മുറിക്കുള്ളിൽ തളച്ചിടാതെ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലേക്കും ആഘോഷങ്ങളിലേക്കും സുഹൃത്തുക്കളുടെ സഹായത്തോടെ അവൻ ഇറങ്ങിച്ചെന്നു. അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അവന് ചുറ്റും ഒരു നല്ല സുഹൃത് വലയം ഉണ്ടായിരുന്നു.
ഉത്സവ പരിപാടിക്കും മറ്റ് ആഘോഷങ്ങൾക്കും പങ്കെടുക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. അതുപോലൊരു വീഡിയോ ആണ് ഷഹാനയുടെ ജീവിതവും മാറ്റിമറിച്ചത്. വീൽചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വീഡിയോ ഷഹാനയെ പ്രണവിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹാനയുടെ മനസ്സിലേക്ക് പ്രണവിന് കുടിയേറാൻ അധിക താമസം വേണ്ടിവന്നില്ല. കുറച്ചുനാൾ കഴിഞ്ഞ് ഒരു ദിവസം പ്രണവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഷഹാനയുടെതായിരുന്നു ആ വിളി. പിന്നീട് അങ്ങോട്ട് അവർ തമ്മിൽ സൗഹൃദമായി സൗഹൃദം പ്രണയത്തിലേക്കും. ഷഹാനയ്ക്ക് തന്നോട് തോന്നിയ ഇഷ്ടം തിരിച്ചറിഞ്ഞ് പ്രണവ് പല തവണ അതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചു. ഒഴിഞ്ഞുപോകാൻ പറ്റാത്ത അത്രയും അവളുടെ മനസ്സിന്റെ കോണിൽ പ്രണവ് ഇടം നേടിയിരുന്നു. ഷഹാനയുടെ വീട്ടിൽ ഈ പ്രണയം അറിഞ്ഞതോടെ പ്രശ്നം തികച്ചും വഷളായ ഒരു അവസ്ഥയിലേക്ക് എത്തി. അതോടെ വീട്ടുകാരെ വിട്ട് അവൾ പ്രണവിന്റെ അടുത്തേക്ക് യാത്ര തിരിച്ചു. തടയാൻ ശ്രമിച്ച പ്രണവിനെ സുഹൃത്തുക്കൾ തടഞ്ഞു ഷഹാന വന്ന് നേരിൽ കാണട്ടെ അവസ്ഥ മനസ്സിലാക്കട്ടെ…. എന്നിട്ട് അവളുടെ തീരുമാനം മാറുകയാണെങ്കിൽ തിരികെ വീട്ടിലെത്തിക്കാം എന്ന് സുഹൃത്തുക്കൾ പ്രണവിനോട് പറഞ്ഞു. അങ്ങനെ ഒരു തിങ്കളാഴ്ച ആദ്യമായി ഷഹാന പ്രണവിന്റെ താഴെക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ നേരിട്ട് കണ്ടതോടെ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ലെന്ന് മാത്രമല്ല ആ പെൺകുട്ടി അവനെ കൂടുതൽ തന്നോട് ചേർത്തു പിടിക്കുകയാണ് ചെയ്തത്. അവരുടെ ഇഷ്ടം മനസ്സിലാക്കിയ പ്രണവിന്റെ സുഹൃത്തുക്കളും വീട്ടുകാരും അവരുടെ വിവാഹം നടത്തി കൊടുക്കാൻ തയ്യാറായി. അങ്ങനെ കൊടുങ്ങല്ലൂർ ആലാക്ഷേത്രത്തിൽ വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
ജീവിതത്തിന്റെ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലായിരുന്ന അവരെ കൂട്ടി ഇണക്കിയ വിധി തന്നെ അവരെ അകറ്റി എന്നത് ഏറെ ദുഃഖകരം.