വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എ ആർ റഹ്മാൻ സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. വികാരഭരിതമായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’- റഹ്മാൻ എക്സിൽ കുറിച്ചു.
ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് വേർപിരിയാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
“പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ പറയുന്നു. ഈ സമയത്ത് ഒരാൾക്കും പരിഹരിക്കാൻ കഴിയില്ല. വേദന കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത അഭ്യർത്ഥിക്കുന്നു. കാരണം അവരുടെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അദ്ധ്യായമാണിത്.” പ്രസ്താവനയിൽ പറയുന്നു.
ധനുഷിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമായ രായൺ ആയിരുന്നു എ ആർ റഹ്മാൻ്റെ അവസാന പ്രോജക്റ്റ്. ഛാവ, തഗ് ലൈഫ്, ഗാന്ധി ടോക്ക്സ് തുടങ്ങിയ ചിത്രങ്ങൾക്കായി അദ്ദേഹം സംഗീതം ഒരുക്കുകയാണ്. 1995ൽ വിവാഹിതരായ എ ആർ റഹ്മാനും സൈറാ ബാനുവിനും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്: ഇതിൽ ഖദീജ റഹ്മാൻ 2022ൽ വിവാഹിതരായി. .
മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമാ ലോകത്തെ കോരിത്തരിപ്പിക്കുന്ന, കരയിക്കുന്ന, ആവേശം കൊള്ളിക്കുന്ന പല പാട്ടുകളും റഹ്‌മാന്റെ മാന്ത്രിക സംഗീതത്തില്‍ നിന്നും പറവിയെടുത്തു. 1967-ല്‍ തമിഴ്‌നാട്ടിലാണ് റഹ്‌മാന്റെ ജനനം. അന്തരിച്ച സംഗീത സംവിധായകന്‍ ആര്‍.കെ ശേഖറിന്റെ മകനാണ്. റഹ്‌മാന് ഒമ്പതു വയസ്സുള്ളപ്പോഴാണ് ആര്‍.കെ ശേഖര്‍ മരിക്കുന്നത്. അച്ഛന്റെ സംഗീത പാരമ്പര്യമാണ് റഹ്‌മാനെ സംഗീതത്തിന്റെ വഴികളിലേക്ക് നയിച്ചത്. ഇന്ത്യയില്‍ മാത്രമല്ല ലോക സിനിമയിലും റഹ്‌മാന്‍ അതികായനായ സംഗീതജ്ഞനാണ്.
ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും റ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ഒരിക്കൽ പറഞ്ഞു. അടുത്തിടെ ഓക്‌സ്‌ഫഡ് യൂണിയൻ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് റഹ്മാൻ ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിച്ചത്.
‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന് ഒരു അർഥമുണ്ട്. മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയതുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്. എല്ലാവർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരുപ്പുണ്ട്.
എല്ലാവരുടെയും ജീവിതത്തിൽ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു. ശേഷം എവിടേക്കാണു പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെക്കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനുമനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകും’- എ.ആർ.റഹ്മാൻ പറഞ്ഞു.