സംസ്ഥാനത്ത് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചിലർ പറഞ്ഞു. ചുവപ്പു നിറം പ്രശ്നമല്ലെന്നായിരുന്നു ചില വിദ്യാർഥികളുടെ പ്രതികരണം. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അധ്യാപക സംഘടനകളോട് ആലോചിക്കാതെ അതീവ രഹസ്യമായാണ് ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കിയത്.