നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്ക് പിന്നാലെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനെന്നും വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരമെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. കോടതിവിധി തള്ളിക്കളയുന്നു എന്നും അവൾക്കൊപ്പം എന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്:
“ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!
വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിൻ്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണിവർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവൾക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു”
കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെ ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.
2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന് ദിലീപിനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

