കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഇരിക്കെ അക്രമി സന്ദീപിന്റെ കുത്തേറ്റു ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
ആരോഗ്യമേഖല ഭയന്നിരുന്ന സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് കോടതി പറഞ്ഞു. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് കോടതി അടിയന്തരമായി ഇടപെടുന്നത്. ഡോക്ടറുടെ ജീവൻ സംരക്ഷിക്കാൻ പൊലീസിനായില്ല. പൊലീസിനും പ്രതിയുടെ പ്രത്യാക്രമണത്തിൽ പരിക്കേറ്റു. സുരക്ഷാ സംവിധാനത്തിലെ പൂർണ പരാജയമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. യുവ ഡോക്ടർക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിതപ്പെട്ടവർക്ക് കഴിഞ്ഞില്ല. സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ പൊലീസിന്‍റെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. ജനങ്ങൾ അവരുടെ സുരക്ഷ സ്വയം നോക്കിയാൽ പോരേ? പെൺകുട്ടികൾ എങ്ങനെ രാത്രി ഹൗസ് സർജനായി ജോലി ചെയ്യും? ഡോക്ടർമാരുടെ സമരം ബുദ്ധിമുട്ടിക്കുന്നത് സാധാരണക്കാരായ രോഗികളെയാണ്. പക്ഷേ അവരെ അതിലേക്ക് നയിച്ച സാഹചര്യം തിരിച്ചറിയണ്ടേ? ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുളള ഉത്തരവാദിത്വം പൊലീസിനില്ലേ? ഡോക്ടർമാരിൽ ഭയമുണ്ടായാൽ സ്വതന്ത്രമായി അവർ എങ്ങനെ ജോലി ചെയ്യും? ഇത്തരം അക്രമം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെങ്കിൽ പോലിസിന്റെ ആവശ്യം ഇവിടെയില്ലേ? പൊലീസിന് ജാഗ്രത വേണമായിരുന്നു എന്നും കോടതി കുറ്റപ്പെടുത്തി.
വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു.