സംസ്ഥനത്ത് താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിനടുത്തും തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്. സൂര്യാതപവും നിര്‍ജലീകരണവും ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസങ്ങളായി ജില്ലയിൽ വിവിധയിടങ്ങളിൽ താപനില ഉയരുകയാണ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതാപം. ഉയർന്ന ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സ തേടണം. ധാരാളം വെള്ളം കുടിക്കുക, വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യരുത്, വീട്ടിൽ വാതിലുകളും ജനലുകളും തുറന്നിടുക, വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുക, ചൂട് കൂടുതലുള്ളടത്ത് തണലിൽ വിശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.