നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍. നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ദിലീപ് സത്യവാങ്മൂലം നല്‍കിയിരുന്നു.
കുറ്റമറ്റരീതിയില്‍ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളില്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
വിചാരണ നീട്ടാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന പ്രതി ദിലീപിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചത് തെളിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കില്‍ മുപ്പത് ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വേഗത്തില്‍ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. അനാവശ്യ ക്രോസ് വിസ്താരം നടത്തി പ്രതിഭാഗമാണ് വിചാരണ ദീര്‍ഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
തെളിവുകളുടെ വിടവു നികത്താനാണ് മുൻ ഭാര്യയായ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. 16നാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനിരിക്കുന്നത്. കേസിൽ 34ാം സാക്ഷിയായ മഞ്ജുവിനെ നേരത്തേയും വിസ്തരിച്ചിരുന്നു.