തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി.. വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.
വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ്അപകടത്തിൽപ്പെട്ടുകയായിരുന്നു.
അതിനിടെ പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവും നടത്താൻ തീരുമാനമായത്