തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയ്ക്ക് പുതിയ വരുമാനപരിധി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. വർഷം ഒരു ലക്ഷം രൂപയിൽ ഏറെ കുടുംബവരുമാനം ഉള്ളവരെയാണ് ഒഴിവാക്കാൻ ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പെൻഷൻ ഉപഭോക്താക്കളിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ പുതിയ നിർദ്ദേശത്തിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കിയ ശേഷം പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. പെൻഷൻ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ അംഗങ്ങളുടെ വരുമാനം കണക്കുകൂട്ടിയാണ് വരുമാനപദ്ധതി നിശ്ചയിക്കുന്നത്. ഇതിൽ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കും.
പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ പെൻഷൻ ഉപഭോക്താക്കളിൽ നിന്നും വരുമാന സർട്ടിഫിക്കറ്റുകൾ ശേഖരിച്ച് വരുന്നുണ്ട്. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ഫെബ്രുവരി 28 വരെയാണ്. നിലവിൽ 50 ലക്ഷത്തിൽ പരം ആളുകളാണ് മാസം 1600 രൂപ വീതം സാമൂഹ്യ ക്ഷേമപെൻഷനുകൾ വാങ്ങുന്നത്. വരുമാനപരിധി ഒരു ലക്ഷം രൂപയിൽ കവിയരുത് എന്ന ചട്ടം 2019 മുതൽ നിലവിൽ ഉണ്ടെങ്കിലും കൃത്യമായ ഒരു കണക്കെടുപ്പോ പരിധി നിശ്ചയിക്കലോ ഉണ്ടായിട്ടില്ല. വരുമാനപരിധി നിശ്ചയിക്കലിലൂടെ ഏകദേശം 5 ലക്ഷം പേരോളം പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാകാനാണ് സാധ്യത.