ശബരിമലയിൽ മണ്ഡലപൂജ ഇന്ന്. മണ്ഡലപൂജയ്ക്കായി അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടോടെ സന്നിധാനത്തെത്തി. വെള്ളിയാഴ്ച പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര ഇന്നലെ ഉച്ചയോടെ പമ്പയിലെത്തി. പമ്പയിലെ വിശ്രമത്തിന് ശേഷം മൂന്ന് മണിയോടെ ശരം കുത്തിയിലെത്തിയ യാത്രയെ തന്ത്രിയുടെ പ്രതിനിധികൾ ചേർന്ന് ആചാരപരമായി സ്വീകരിച്ചു. തങ്കയങ്കിയുമായി വന്നവരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേർന്ന് പതിനെട്ടാം പടിയിൽ സ്വീകരിച്ചു. തുടർന്ന് 6.30 ന് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധനയും പ്രസാദവിതരണവും നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപ്തികുറിക്കുന്ന മണ്ഡലപൂജയാണ് ഇന്ന് നടക്കുക.
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. മണ്ഡലപൂജയോടാനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസും ദേവസ്വം ബോർഡും ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ദർശനം നടത്തിയർ ഇന്ന് മണ്ഡലപൂജ കൂടി കഴിഞ്ഞേ പോകാൻ സാധ്യത ഉള്ളൂ. ഇന്നലെ മാത്രം വെർച്വൽ ക്യു വഴി ബുക്ക് ചെയ്തവർ ഏകദേശം ഒരുലക്ഷത്തിനടുത്താണ്. അതുകൊണ്ട് ഇന്ന് ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബർ 27 ന് നട അടയ്ക്കും. പിന്നെ ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിന് വേണ്ടിയാണ് നട തുറക്കുക. 2023 ജനുവരി14 ന് ആണ് മകരവിളക്ക്.