സേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തി. ഇത് ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്റെ പ്രതിഫലം എന്ന് ജയസൂര്യയുടെ ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായെങ്കിലും, നടന്റെ ബാങ്ക് അക്കൗണ്ടുകളിൽ വീണ്ടും പരിശോധന നടത്തും. ജയസൂര്യയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിക്കുക മാത്രമാണോ, അതോ നടനും ആപ്പിന്റെ പ്രൊമോട്ടർമാരും തമ്മിൽ ഏതെങ്കിലും വിധത്തിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും കേന്ദ്ര ഏജൻസി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, ഡിസംബർ 24 ന് ജയസൂര്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
2023 ൽ തൃശൂർ ഈസ്റ്റ് പോലീസ് സേവ് ബോക്സ് ആപ്പിന്റെ ഉടമയായ സ്വാദിഖ് റഹീമിനെ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ആരംഭിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ നിരവധി നടന്മാരുമായി റഹീമിന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

