തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം രാഷ്ട്രീയ ഉന്നതങ്ങളിലേക്ക്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ച് നടത്തിയ ദില്ലി യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഈ യാത്രയ്ക്കിടെ സ്വർണ്ണക്കടത്തോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ അടൂർ പ്രകാശിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും.
നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കടകംപള്ളിയുടെ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും. ഇടത്-വലത് മുന്നണികളിലെ പ്രമുഖ നേതാക്കൾക്ക് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെ കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രമുഖർ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.

