വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പരാതി. യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു.. ഗോവിന്ദൻ കുട്ടിക്കെതിരായ ബലാത്സംഗ കേസിൽ ഗുരുതര ആരോപണവുമായാണ് ആദ്യത്തെ കേസിലെ അതിജീവിത നേരത്തെ രംഗത്ത് എത്തിയത്. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ഈ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
നടൻ ഗോവിന്ദൻ കുട്ടി എംഡിയായ യുട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നൽകിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്തെന്നായിരുന്നു പരാതി. 2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളിൽ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടർന്നു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദൻ കുട്ടി തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.