ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ റോപ്പ് വേ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അടച്ചു. റോപ്പ് വേയുടെ ഒന്നാം നമ്പർ ടവറിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ജോഷിമഠിലാണ് ഈ റോപ്പ് വേ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങൾ എല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. നിരവധി വീടുകളും ഇവിടങ്ങളിൽ ഉണ്ട്.
അതിനിടെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ജനങ്ങൾ ബന്ദിന് ആഹ്വാനം ചെയ്തു. ബദരീനാഥിന്റെ കവാടമായാണ് ജോഷിമഠ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇവിടെ മണ്ണ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിർമിക്കുന്ന തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കം കാരണമാണ് ജോഷിമഠിലെ ഭൂമി മുങ്ങുന്നതെന്നാണ് പരാതി. ജോഷിമഠിലെ 9 വാർഡുകളിലായി 513 വീടുകളിലാണ് വലിയ വിള്ളലുണ്ടായത്. വീടുകൾക്ക് പുറമെ കടകളുടെയും ഹോട്ടലുകളുടെയും ഭിത്തിയിലും വിള്ളൽ വീണിട്ടുണ്ട്. പലയിടത്തും നിരവധി വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്. ജനങ്ങൾ തുടർച്ചയായി തെരുവിൽ പ്രകടനം നടത്തുകയാണ്. ഈ സാഹചര്യത്തിൽ ചമോലിയിൽ നിന്നും ഡെറാഡൂണിലേക്ക് പോകുന്ന റോഡിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു.