കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞു കൊണ്ടായിരുന്നു രണ്ട് വട്ടവും ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനാണ് ആദ്യം മാറ്റിയത്. ഡിസംബർ 15നായിരുന്നു കേസ് ഡിസംബർ 18ലേയ്ക്ക് പരിഗണിക്കുന്നതിനായി മാറ്റിയത്.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയായിരുന്നു രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചിരുന്നു.
നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നിൽ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഡിസംബർ 15ന് കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നതായി അറിയിച്ചു കൊണ്ടായിരുന്നു കോടതി നടപടി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

