തിരുവനന്തപുരം: ഇനിമുതൽ സംസ്ഥാനത്ത് സ്റ്റിക്കർ ഒട്ടിക്കാത്ത ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കില്ല. പാർസൽ ഭക്ഷണപൊതികളിൽ സ്റ്റിക്കർ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പാഴ്സൽ ഭക്ഷണപ്പൊതികളിൽ എല്ലാം തന്നെ സമയവും തീയതിയും രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷ മുന്നറിയിപ്പുള്ള സ്റ്റിക്കർ ഉണ്ടായിരിക്കണം.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ ഭക്ഷ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പാർസൽ ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ ഒട്ടിച്ചിരിക്കുന്ന സ്ലിപ്പിൽ എത്ര സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണം എന്ന വിവരം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ തയ്യാറാക്കി രണ്ടുമണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഓർഡർ പ്രകാരം എത്തിക്കുവാൻ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിൽ ഉടനീളം 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തി കൊണ്ടു പോകേണ്ടതാണ്. ഇത്തരം ഭക്ഷണങ്ങൾ സാധാരണ ഊഷ്മാവിൽ രണ്ടുമണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണ് എന്നുള്ളത് കൊണ്ടാണ് തീരുമാനം എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.