പാലക്കാട്: മാസങ്ങളായി ധോണിയിൽ വിലസി നടന്ന കൊമ്പൻ പി ടി 7നെ മയക്കുവെടിവെച്ച് ധോണിയിൽ എത്തിച്ചു. ഏറെ ശ്രമകരമായാണ് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയശേഷം ആനയെ കൊണ്ടുവന്നത്. ആനയുടെ കാലുകൾ വടംകൊണ്ട് ബന്ധിച്ചിട്ടുണ്ട്. മൂന്നുതവണയാണ് മയക്കുവെടിവെച്ചത്. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിനു മുകളിലായാണ് ആനയ്ക്ക് വെടിയേറ്റത്. രാവിലെ 7 മാണിക്കും, 8.30നും പിന്നീട് ലോറിയിൽ കയറ്റുന്നതിന് തൊട്ടുമുൻപും ബൂസ്റ്റർ ഡോസ് നൽകുകയുമായിരുന്നു. രാവിലെ 4.30നു തുടങ്ങിയ ദൗത്യമാണ് വിജയകരമായി പൂർത്തിയായത്.
ഇന്ന് അതിരാവിലെ പി ടി 7നെ നിരീക്ഷിക്കാനായി കയറിയ സംഘം ആനയെ ധോണിയിലെ കോർമ എന്ന സ്ഥലത്ത് വെച്ച് കാണുകയും തുടർന്ന് അവിടെ നിന്നും നീങ്ങുന്നതിനു മുൻപുതന്നെ മയക്കുവെടി വയ്ക്കുകയും ആയിരുന്നു. വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ മൂന്നു കുങ്കിയാനകളെ ആനയെ പിടിക്കാൻ കാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കാടിനും ഉൾക്കാടിനും ഇടയിലുള്ള സ്ഥലത്ത് വച്ചാണ് ആനയെ വെടിവെച്ചത്. ഇതിനിടയിൽ മയക്കം വിട്ട ആനക്ക് ബൂസ്റ്റർ ഡോസ് നൽകി.