ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുന്നത്. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം നടക്കുക.
അതേസമയം ഇത്തവണത്തെ കൽപ്പാത്തി രഥോൽസവം സമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകി. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റ വേളയിലാണ് ഇത്തവണ രഥോത്സവം നടക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്ര ഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്തുമെന്നും വ്യക്തമാക്കി. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഉത്സവ കാലം തുടങ്ങുന്നത് കൽപ്പാത്തി രഥോത്സവം ആരംഭിക്കുന്നതോടെയാണ്. കരിയും കരിമരുന്ന് പ്രയോഗവും കാളവേല കുതിര വേല തുടങ്ങി വ്യത്യസ്ഥമായ കാഴ്ച്ചാനുഭവമാണ് കൽപ്പാത്തി രഥോത്സവം സമ്മാനിക്കുന്നത്.